ഓമശേരി: ജനാഭിപ്രായങ്ങൾ കേട്ടും നേട്ടങ്ങൾ അവതരിപ്പിച്ചും ഓമശേരി ഗ്രാമപഞ്ചായത്ത് വികസന സദസ്. പരിപാടി ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് കൂടത്താൻകണ്ടി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗവും സ്വാഗതസംഘം ചെയർപെഴ്സണുമായ കെ. ആനന്ദകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഹരിത കർമ സേന അംഗങ്ങളെ ആദരിച്ചു.
പഞ്ചായത്ത് പരിധിയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതി ലഭ്യമാക്കുക, വിപണി മൂല്യമുള്ള കാർഷിക ഉത്പന്നങ്ങൾ നിർമിക്കുക, വന്യജീവി അക്രമണങ്ങൾക്കെതിരേ പദ്ധതികൾ കൊണ്ട് വരിക, ഓമശേരി അങ്ങാടി സൗന്ദര്യ വത്കരണം-ഗതാഗത കുരുക്കിന് പരിഹാരം, കാർഷിക രംഗത്തെ പ്രാഥമിക കാര്യങ്ങൾക്ക് പരിഗണന നൽകുക, വ്യാപാരികളെ സർക്കാർ ക്ഷേമ പ്രവർത്തനത്തിൽ ഉൾപ്പെടുത്തുക, വയോജന സൗഹൃദ പഞ്ചായത്താക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ സദസിൽ ഉയർന്നു.
ഓമശേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ വാർഡ് മെമ്പർമാരായ കെ.പി. രജിത, മൂസ നെടിയേടത്ത്, ബീന പത്മദാസ്, എം. ഷീല, ഉഷാദേവി, പഞ്ചായത്ത് സെക്രട്ടറി കെ. ഗിരീഷ് കുമാർ, അസി. സെക്രട്ടറി പി. ബ്രജീഷ് കുമാർ, റിസോഴ്സ് പേഴ്സൺ വി.ജെ. ജിജിൻ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.